
ചരിത്രത്തിലാദ്യമായി റബ്ബർ വില 300 കടന്നു. ആർഎസ്എസ്- 4 ഗ്രേഡ് റബ്ബർ കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ വർഷം ജനുവരിയിൽ 192 രൂപ ആയിരുന്നു. ഒമ്പത് മാസത്തിനിടെയാണ് 108 രൂപയോളം കൂടിയത്.
ഉത്പാദനക്കുറവും വർധിച്ചുവരുന്ന ആവശ്യകതയുമാണ് ആഭ്യന്തര മാർക്കറ്റിൽ റബ്ബർവില വർധനയ്ക്കുള്ള കാരണമായി വിലയിരുത്തുന്നത്. റബ്ബർ വിപണിയിലെ ഉണർവിൽ ഏറെ പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും.
നിലവിൽ ആർഎസ്എസ്-4ഗ്രേഡ് റബ്ബറിനാണ് 300 രൂപയിലെത്തിയിരിക്കുന്നത്. ആർഎസ്എസ്-5 ഗ്രേഡിന് 298 രൂപയും, ലാറ്റക്സിന് 197 രൂപയുമാണ് നിലവിലെ വിപണി വില. പശ്ചിമേഷ്യയിലെ സംഘർഷം മൂലം കപ്പൽ മാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെതും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രധാന റബ്ബർ ഉൽപാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയും വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
റബ്ബർ കർഷകരുടെ പ്രധാന കേന്ദ്രമായ കോട്ടയം ജില്ല ഉൾപ്പെടെയുള്ള ഇടങ്ങളിൽ കർഷകർ വലിയ ആശ്വാസത്തിലാണ്. വർഷങ്ങളായി നേരിട്ടിരുന്ന വിലത്തകർച്ചയ്ക്ക് വിട നൽകി, വില 300 രൂപയിലെത്തിയത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Photo Courtesy - Google










